ബിഎൽഒമാർക്ക് വീണ്ടും 'എട്ടിന്റെ പണി'; വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കയറാൻ നിർദേശം




തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളില്‍ കടുത്ത സമ്മർദം നേരിടുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് (ബിഎല്‍ഒ) വീണ്ടും'എട്ടിന്റെ പണി'.

എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതരായ ബിഎല്‍ഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായുമാണ് നിയോഗിച്ചത്. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടർമാരാണ് നിർദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് ഡ്യൂട്ടി നല്‍കിയത്. ബിഎല്‍ഒമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിർത്തുമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ അതില്‍നിന്ന് നേർവിപരീതമാണ് നിലവിലെ നിർദേശം. ഡിസംബർ നാലിന് എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികള്‍ കഴിയുന്നതിനാലാണ് അടുത്ത 'പണി'യെന്നാണ് ഇത് ചോദ്യം ചെയ്ത ബിഎല്‍ഒമാർക്ക് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച മറുപടി.

കണ്ണൂർ പയ്യന്നൂരില്‍ ജോലി സമ്മർദത്തെ തുടർന്ന് ബിഎല്‍ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകള്‍ വന്നിരുന്നു. ജോലി സമ്മർദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച്‌ ബിഎല്‍ഒമാർ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post